വീട്ടിൽ ഒരു പൂന്തോട്ടം - home Garden

വീട്ടിൽ ഒരു പൂന്തോട്ടം
വീട് മാത്രം മനോഹരമായാൽപ്പോരാ. വീടിന് അഴക് നൽകും പൂന്തോട്ടവും ഒരു മുതൽക്കൂട്ടാണ്. വീടിന്റെ ആകൃതിയും പ്രകൃതിയുമനുസരിച്ചാകണം പൂന്തോട്ട നിർമ്മാണവും. വീട്ടിൽ പൂന്തോട്ടം ഒരുക്കുന്നവർ അറിയാനായി ഇതാ ചില കാര്യങ്ങൾ. 
 ഒരു ചെടി വളർന്ന് വലുതാവുമ്പോൾ അതിന്റെ പൊക്കം ഇലകളുടെ വളർച്ച ഇവയെല്ലാം മുൻകൂട്ടി കണ്ടു വേണം തോട്ടത്തിൽ ചെടി നടുവാൻ. വീടിന് മുകളിലൂടെ വൈദ്യുത കമ്പികൾ പോകുന്നുണ്ടെങ്കിൽ ചെടി വളർന്ന് മരമായി അതിൽ മുട്ടുമോ എന്നുവരെ ചിന്തിക്കണം.  മുറ്റം കുറച്ചേ ഉള്ളുവെങ്കിൽ കുറ്റിച്ചെടികൾ വളർത്തുന്നതാണ് അഭികാമ്യം. ഇങ്ങനെ വളർത്താൻ ടെക്കോമ, പല നിറങ്ങളിലുള്ള ചെമ്പരത്തി തുടങ്ങിയവയാണ് അനുയോജ്യം. അതുപോലെ വീടിന്റെ ഭിത്തിയോട് ചേർന്ന് ചെടികൾ നട്ടാൽ ഭിത്തി ചൂട് പിടിക്കില്ല.  ഓരോ സ്ഥലത്തിനും യോജിച്ച ചെടിയേതെന്നും അതവിടെ നടുന്നതിന് പിന്നിലുള്ള ഉദ്ദേശ്യവും ചിന്തിച്ചതിനുശേഷം വേണം പൂന്തോട്ടത്തിൽ നടേണ്ട ചെടികൾ തെരഞ്ഞെടുക്കാൻ. ഉദാഹരണമായി പറയുകയാണങ്കിൽ പൊക്കം കൂടിയ സ്ഥലങ്ങളിലും കുറഞ്ഞ സ്ഥലങ്ങളിലും വയ്ക്കുന്ന ചെടികൾക്ക് കാര്യമായ വ്യത്യാസമുണ്ട്. ചൂട് അധികമുള്ള സ്ഥലങ്ങളിൽ കള്ളിമുൾചെടികൾ പോലുള്ളവ നടാം. അതേപോലെ തണുപ്പത്തും വെള്ളത്തിനടുത്തും വളരുന്ന ചെടികൾ അത്തരം സ്ഥലങ്ങളിൽ നട്ട് പിടിപ്പിക്കാം.
പുൽത്തകിടിയാണ് പൂന്തോട്ടത്തിന്റെ ഐശ്വര്യം. കാണാനുള്ള ഭംഗി മാത്രമല്ല സൂര്യരശ്മികൾ ആഗീരണം  ചെയ്യുകയും പൊടി നിയന്ത്രിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാൻ പുൽത്തകിടി വച്ച് പിടിപ്പിക്കുന്നത് ഉപകരിക്കും. അതുകൊണ്ട് വീട്ടിൽ നിങ്ങളൊരുക്കുന്ന പൂന്തോട്ടത്തിൽ പുൽത്തകിടികൊണ്ടോ നിലത്ത് പറ്റിപ്പിടിച്ച് വളരുന്ന വള്ളിച്ചെടികൾ, ചെറുസസ്യങ്ങൾ എന്നിവകൊണ്ടോ  ഉപരിതലം മൂടിക്കിടക്കുന്നതാണ് നല്ലത്. 
 അതുപോലെ പൂന്തോട്ടത്തിലെ ചെടികൾക്കായി ചെലവിടാൻ സമയമില്ലാത്തവർ പരിചരണം കുറവ് ആവശ്യമുള്ള ചെടികൾ നടുകയാണ് സൗകര്യപ്രദം. റോസാച്ചെടികൾക്ക് വളരെയധികം പരിചരണം നൽകിയാലേ അവ നിങ്ങളൊരുക്കുന്ന പൂന്തോട്ടത്തിൽ നല്ലതുപോലെ വളരുകയുള്ളു എന്ന കൃഷിശാസ്ത്രനിഗമനം ഓർമ്മയിൽ വേണം. എന്നാൽ ചെത്തി, ചെമ്പരത്തിപോലുള്ള ചെടികൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായി വരുന്നില്ല. എരുക്ക്, സെറോഫൈറ്റിക്ക് എന്നീ ചെടികൾക്കും ഏറ്റവും കുറച്ച് പരിചരണം മതി.
അലങ്കാരത്തേക്കാളുപരി പരിസ്ഥിതിക്കിണങ്ങുന്ന ചെടികൾ നടുന്ന ലാൻഡ് സ്കേപ്പ് രീതിയാണ് പൂന്തോട്ടമൊരുക്കുന്നവർ അവലംബിക്കേണ്ടത്. പ്രകൃതിക്കും മനുഷ്യനും, കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ചെടികൾ നിങ്ങളുടെ പൂന്തോട്ടത്തിൽ നട്ട് പിടിപ്പിക്കണം. അതുപോലെ വീട്ടിനകത്തേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിൽ ചെടികൾ നടരുതെന്ന കാര്യവും ഓർമ്മയിൽ വേണം .
കോട്ടണുകൾ, ആന, മയിൽ തുടങ്ങിയ മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിൽ വെട്ടി നിർത്തുന്നതിന് "ടോപ്പിയറി' എന്നാണ് പേര്. മുഗൾ ഗാർഡനിംഗ് ശൈലിയിൽ ഉൾപ്പെട്ടതാണ് ടോപ്പിയറി.  റോഡരികിൽ താമസിക്കുന്നവർ വീട്ടുമതിലിനോട് ചേർന്ന് പൂമരങ്ങളോ, കുറ്റിച്ചെടികളോ നട്ടുവളർത്തുകയാണെങ്കിൽ പൊടിയും പുകയും ശബ്ദകോലാഹലവും കുറെയൊക്കെ നിയന്ത്രിക്കാം. വലിയ ഇലകളുള്ള ചെടികളാണ് ഇവിടെ കൂടുതൽ അനുയോജ്യം.
വാതിലുകൾ, ജനാലകൾ എന്നിവയ്ക്കുനേരെ കുറ്റിച്ചെടികളോ ഉയരംകൂടിയ ഹെഡ്ജുകളോ വെച്ചുപിടിപ്പിക്കരുത്. ഇവിടെ വള്ളിച്ചെടികളും ഒഴിവാക്കേണ്ടതാണ്. 
താൽപ്പര്യമുള്ളവർക്ക് ഔഷധസസ്യങ്ങൾകൊണ്ടും പൂന്തോട്ടം ഒരുക്കാവുന്നതാണ്. പക്ഷേ ഔഷധ സസ്യങ്ങൾക്ക് കാര്യമായ ശുശ്രൂഷയും പരിചരണവും ആവശ്യമായിവരും.  ചിരട്ട വൃത്തിയാക്കി ഫാബ്രിക് പെയിന്റുകൊണ്ട് ഡിസൈൻ ചെയ്താൽ കള്ളിച്ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ചട്ടിയായി. അതുപോലെ പ്ലാസ്റ്റിക് കുടം, കലം എന്നിവ ഉപയോഗശൂന്യമായാൽ അതിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയശേഷം ചുവട്ടിൽ ആണികൊണ്ട് മൂന്ന് നാല് ദ്വാരങ്ങളിടുക. ഇനി ഇതിൽ ചെടികൾ നട്ടുപിടിപ്പിക്കാം.
കുറച്ചൊക്കെ ശ്രദ്ധയും അധ്വാനവും പരിചരണവും നൽകിയാൽ നിങ്ങൾക്കും നിങ്ങളുടെ വീട്ടുമുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കാവുന്നതേയുള്ളു.

Post a Comment

0 Comments